തിരുവമ്പാടി : ജീവനും സ്വത്തിനും ഭീഷണിയായി ജനവാസമേഖലയിലടക്കം കാട്ടുപന്നിശല്യം രൂക്ഷമായതോടെ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ പന്നിവേട്ടനടത്തി. പഞ്ചായത്തിലെ പൊന്നാങ്കയം, ഒറ്റപ്പൊയിൽ വാർഡുകളിലാണ് ഷൂട്ടർമാരുടെ നേതൃത്വത്തിൽ പകൽമുഴുവൻ നീണ്ടുനിന്ന പന്നിവേട്ട നടത്തിയത്.
ചൊവ്വാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം ആറു മണി വരെയായിരുന്നു വേട്ട. വേട്ട നടക്കുന്ന ഭാഗങ്ങളിലുള്ള പൊതുജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ അതത് വീട്ടുകാർ തന്നെ സുരക്ഷിതമായി മാറ്റാൻ മുന്നറിയിപ്പ് നൽകിയായിരുന്നു കാടടച്ചുളള പന്നിവേട്ട.
കിഫാ ഷൂട്ടർ ടെനി ചെറുമുഖത്തിന്റെ നേതൃത്വത്തിൽ 17 എം.പാനൽ ഷൂട്ടർമാരുൾപ്പെടെ 43 ഹണ്ടർമാരുണ്ടായിരുന്നു നായാട്ടുസംഘത്തിൽ. നാട്ടുകാരും സജീവപങ്കാളികളായി. ഒൻപത് വേട്ടനായകളുണ്ടായിരുന്നു. ആറു കാട്ടുപന്നികളെയാണ് വെടിവെച്ചുകൊല്ലാൻ സാധിച്ചത്. ഏഴിലധികം പന്നികൾക്ക് വെടികൊണ്ടെങ്കിലും രക്ഷപ്പെട്ടു. വേട്ടയാടിക്കൊന്ന പന്നികളെ രാത്രിതന്നെ സംസ്കരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി. ആർ. അജിത, വികസന സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിൽ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ബാബു, ബോസ് ജേക്കബ്, സോണി മണ്ഡപത്തിൽ, സെക്രട്ടറി ശരത് ലാൽ തുടങ്ങിയവരും പങ്കാളികളായി. അനുകൂല കാലാവസ്ഥയാണെങ്കിൽ മറ്റു വാർഡുകളിലും വരുംദിവസങ്ങളിൽ പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു