പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് വീണ്ടും തിരിച്ചടി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണമെന്നും വിമാനക്കമ്പനികൾ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രാദേശിക സുരക്ഷാ സാഹചര്യം പരിഗണിച്ച് യുഎഇ ആസ്ഥാനമായ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ കുവൈറ്റ്, ബഹ്റൈൻ ഉൾപ്പെടെയുള്ള സർവീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വീണ്ടും നീട്ടിയിരിക്കുകയാണ്. ടിക്കറ്റ് റീബുക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ യാത്രാ പദ്ധതികൾ മുൻകൂട്ടി സ്ഥിരീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടയ്ക്കിടെ തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ സർവീസുകളിൽ മാറ്റം വരുത്തുകയും റദ്ദാക്കൽ കാലാവധി ആവശ്യാനുസരണം ദീർഘിപ്പിക്കുകയും ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ആഗസ്റ്റ് എട്ട് വരെ സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാജ ടിക്കറ്റ് ബുക്കിംഗുകളും തട്ടിപ്പുകളും ഒഴിവാക്കാൻ യാത്രക്കാർ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, വഴി മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് കുവൈറ്റ് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.