ന്യൂഡൽഹി: ഖത്തർ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
ദുഃഖാചരണഭാഗമായി രാജ്യത്തുടനീളം പതിവായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) അറിയിച്ചു. അന്നേദിവസം ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരിക്കില്ല.
ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും ഉന്നതങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ശൈഖ് ഹമദെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ‘2024 ഫെബ്രുവരിയിൽ എന്റെ അവസാന ഖത്തർ സന്ദർശനവേളയിൽ നേരിട്ട് കാണാൻ അവസരം ലഭിച്ച, ഇന്ത്യയുടെ യഥാർഥ സുഹൃത്തായാണ് അദ്ദേഹത്തെ ഞങ്ങൾ ഓർക്കുന്നത്’-പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഞായറാഴ്ച രാവിലെയായിരുന്നു ഖത്തറിന്റെ ‘ഫാദർ അമീർ’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം.1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്നു. തുടർന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറി. ആധുനിക ഖത്തറിന്‍റെ ശിൽപിയും പ്രഗത്ഭ ഭരണാധികാരിയുമായിരുന്നു.
ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ സാമ്പത്തിക ശക്തിയായി വളരുന്നത്. ഗൾഫിലെ ചെറിയ രാജ്യമായ ഖത്തറിനെ ആഗോള തലത്തിൽ തന്നെ നിർണായക സ്വാധീനമുള്ള രാജ്യമാക്കി മാറ്റി. സാമ്പത്തിക-ഊർജ മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കിയതിനൊപ്പം രാജ്യത്തെ ആധുനികവത്കരിക്കാനും നേതൃത്വം നൽകി. ഫാദർ അമീറിന്‍റെ ഭരണ കാലത്താണ് ആഗോള മധ്യസ്ഥ ശ്രമങ്ങളുടെയും നയതന്ത്ര പരിഹാരങ്ങളുടെയും നേതൃ സ്ഥലത്തേക്ക് ഖത്തർ ഉയർന്നു വന്നത്. ഖത്തറിനെ ലോകം അംഗീകരിക്കുന്ന ഒരു പ്രമുഖ നയതന്ത്ര മധ്യസ്ഥ രാജ്യമായി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ ധീരവും ദീർഘവീക്ഷണമുള്ളതുമായ വിദേശനയങ്ങളായിരുന്നു. സാമൂഹിക, സാംസ്കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു.