താമരശ്ശേരി: പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന കൂൾബാർ പട്ടാപ്പകൽ എറിഞ്ഞ് തകർത്തു. ഇന്ന് രാവിലെ 7 മണിയോടെ താമരശ്ശേരി പഴയ സ്റ്റാൻ്റിലാണ് സംഭവം. പൂനൂർ കരിങ്കാളിമ്മൽ സ്വദേശിനി മിനി ഒരാഴ്ച മുമ്പ് ഏറ്റെടുത്ത 'ലൈവ് കഫേ' എന്ന കൂൾബാറാണ് ആക്രമിക്കപ്പെട്ടത്.
കടയിലെ ജീവനക്കാരൻ ഷൈജൻ കട തുറക്കാൻ എത്തിയപ്പോഴാണ് പരപ്പൻ പൊയിൽ സ്വദേശി നാസർ ആക്രമണം നടത്തിയത്. കടയിലെ ഫ്രിഡ്ജ്, ചില്ല് അലമാര, ഷോക്കേയ്സ് എന്നിവ പൂർണമായും എറിഞ്ഞ് തകർത്തു. മദ്യലഹരിയിലായിരുന്നു പ്രതി.
കഴിഞ്ഞ ജനുവരി 14-ന് കടയുടെ മുന്നിൽ വെച്ച് കളഞ്ഞുകിട്ടിയ ബ്രേസ്‌ലെറ്റ് ഉടമയെ ഏൽപ്പിക്കാൻ നാസർ അന്നത്തെ കട നടത്തിപ്പുകാരനെ ഏൽപ്പിച്ചിരുന്നു. ആഭരണം കിട്ടിയ വിവരം കടയുടെ മുന്നിൽ എഴുതി ഒട്ടിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് പ്രദർശിപ്പിക്കാൻ കടക്കാരൻ തയ്യാറായില്ല.
പിന്നീട് നാസർ കടയിൽ എത്തുമ്പോഴെല്ലാം ആഭരണം അവിടെത്തന്നെയുണ്ടെന്ന് മറുപടി നൽകിയിരുന്നു. എന്നാൽ ആഭരണം കടക്കാരൻ വിറ്റുവെന്ന് ആരോ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നാസർ കടയിലെത്തി അന്നത്തെ നടത്തിപ്പുകാരൻ ബിനീഷിനെ ആക്രമിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിനീഷ് പരാതി നൽകാത്തതിനാൽ കേസെടുത്തില്ല.
ഇന്ന് രാവിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും പ്രതിയെ പിടികൂടിയില്ല. പോലീസിനെ നിരന്തരം അസഭ്യം പറഞ്ഞ നാസർ, ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം വീണ്ടും കടയ്ക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷന് സമീപത്തേക്ക് പോയ ഇയാൾ സ്റ്റേഷന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി ഫുട്പാത്തിൽ കുത്തിയിരുന്നു. വീണ്ടും കടയ്ക്ക് മുന്നിലെത്തിയ പ്രതി കട തുറക്കാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച ശേഷം ബസ്സിൽ കയറി സ്ഥലം വിട്ടു.
ആക്രമണം നടത്തിയ നാസറിനെ തനിക്ക് പരിചയമില്ലെന്ന് കടയുടെ പുതിയ ഉടമ മിനി പറഞ്ഞു. ഒരാഴ്ച മുമ്പാണ് താൻ കട ഏറ്റെടുത്തതെന്നും മിനി വ്യക്തമാക്കി. സംഭവത്തിൽ കടയുടമ മിനി താമരശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.