തിരുവനന്തപുരം :ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. സാമൂഹ്യ സുരക്ഷ പെൻഷൻ ഉത്തരവ് നാളെ പുറത്തിറങ്ങും. ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കുമെന്നും വി ഡി സതീശൻ സഭയെ അറിയിച്ചു. KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തിയെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപനിയില്‍ പ്രതിപക്ഷം അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് 1600 രൂപയുടെ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. നാലേമുക്കല്‍ വര്‍ഷം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് 2000 രൂപയാക്കിയത്. ഇത്രയും കാലതാമസം എന്തായാലും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. സ്ത്രീസുരക്ഷ പെന്‍ഷന്‍ തുടരുമോ എന്ന് തീരുമാനിച്ചില്ലെന്നും AC ഉള്ള വീട്ടില്‍ ക്ഷേമപെന്‍ഷന്‍ ഇല്ലെന്നത് പുനഃപരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ല. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചര്‍ച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാരന്റി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രിയദര്‍ശിനി സൗജന്യയാത്ര ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കി. ഒരു ഓര്‍ഡിനറി ബസു പോലും ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ കള്ളപ്രചാരണമാണ് നടത്തിയത്. അതില്‍ നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.