കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി നിപ ഭീതി ഉയരുന്ന പശ്ചാത്തലത്തിൽ, വവ്വാലുകളിൽ നടത്തിയ പഠന റിപ്പോർട്ട് ആശങ്കയിടയാക്കുന്നു. കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യരിൽ കണ്ടെത്തിയ വൈറസിന് സമാനമായ വൈറസുകളെത്തന്നെയാണ് വവ്വാലുകളിലും കണ്ടെത്തിയിട്ടുള്ളത്. വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപ പടരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വൈറസ് സാന്നിധ്യം വർദ്ധിക്കുന്നു

വർഷത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വൻതോതിൽ വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ.

ഫെബ്രുവരിയിൽ 9% വൈറസ് സാന്നിധ്യം (പരിശോധിച്ച 88 സാമ്പിളുകളിൽ 8 എണ്ണം പോസിറ്റീവ് ആയിരുന്നു)

ജൂലൈയിൽ: 24% വൈറസ് സാന്നിധ്യം (പരിശോധിച്ച 74 സാമ്പിളുകളിൽ 18 എണ്ണം പോസിറ്റീവ്)

സെപ്റ്റംബറിൽ: 28% വൈറസ് സാന്നിധ്യം (പരിശോധിച്ച 110 സാമ്പിളുകളിൽ 31 എണ്ണം പോസിറ്റീവ്)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) 2023-ൽ ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മുൻവർഷങ്ങളായ 2019-ലും 2021-ലും നടത്തിയ പരിശോധനകളിൽ വവ്വാലുകളിലെ വൈറസ് സാന്നിധ്യം 20 മുതൽ 21 ശതമാനം വരെയായിരുന്നു.

കോഴിക്കോട് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് വവ്വാൽ സാമ്പിളുകൾ ശേഖരിച്ചത്.

പ്രധാന കേന്ദ്രങ്ങൾ

ഫെബ്രുവരിയിൽ: പേരാമ്പ്ര (കോഴിക്കോട്), മാനന്തവാടി (വയനാട്)

ജൂലൈയിൽ: മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി (കോഴിക്കോട്)

സെപ്റ്റംബറിൽ: കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര (കോഴിക്കോട്), സുൽത്താൻ ബത്തേരി, മാനന്തവാടി (വയനാട്)

പഴങ്ങളുടെ വിളവെടുപ്പുകാലവും പ്രജനനവും; പ്രതിരോധം അനിവാര്യം

കേരളത്തിൽ നാട്ടുപഴങ്ങളുടെ വിളവെടുപ്പ് കാലവും വവ്വാലുകളുടെ പ്രജനന കാലവും ഒരേ സമയത്താണ് വരുന്നത് എന്നത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എങ്ങനെയാണ് നേരിട്ട് പടർന്നതെന്ന് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിലൂടെയാകാം ഇതെന്നാണ് പ്രധാന അനുമാനം.

വവ്വാലുകൾ കടിച്ചതോ അവയുടെ സ്രവങ്ങൾ പുരണ്ടതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്.

വവ്വാലുകളുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന രീതിയിൽ അവയെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്.

വവ്വാലുകൾ ധാരാളമായുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണം.