ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പൂനെയിലെ കെമിസ്ട്രി പ്രൊഫസറായ യെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പങ്കാളിയാണ് കുല്‍ക്കര്‍ണി.
പ്രതിയായ കുല്‍ക്കര്‍ണി എന്‍ടിഎയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെന്നും, അതുവഴി മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അദ്ദേഹത്തിന് ലഭിച്ചതെന്നും സിബിഐ വ്യക്തമാക്കി. വീട്ടില്‍ രഹസ്യമായി നടത്തിയ കോച്ചിങ് ക്ലാസ് വഴിയാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് സിബിഐ വ്യക്തമാക്കി.
വര്‍ഷങ്ങളായി നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു കുല്‍ക്കര്‍ണി. വിരമിച്ച കോളജ് പ്രൊഫസറായ കുല്‍ക്കര്‍ണിയെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മാരെയുടെ സഹായത്തോടെയാണ് കുല്‍ക്കര്‍ണി തന്റെ വീട്ടില്‍ രഹസ്യ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
ഇതുവരെ കേസില്‍ ഏഴ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ടുപേര്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ മംഗി ലാല്‍, ദിനേഷ് ബിവാല്‍ എന്നിവരാണ്. സിബിഐ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഇവര്‍ രാജസ്ഥാന്‍ പൊലിസിന്റെ കസ്റ്റഡിയിലായിരുന്നു. മുന്‍ വര്‍ഷങ്ങളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി വിറ്റെന്ന ആരോപണവും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ചോദ്യപേപ്പർ ചോർച്ച തടയാൻ നീറ്റ് അടുത്തവർഷം മുതൽ ഓൺലൈൻ രീതിയിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സിക്കാറിലാണ് സംഭവം. ജുന്‍ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ രാജ്യത്ത് നാല് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.