ന്യൂഡൽഹി :വ്യാജ ഐഡന്റിറ്റി നിർമ്മിച്ച് ആളുകളെ പറ്റിക്കുന്നതും ആൾമാറാട്ടം നടത്തുന്നതും തടയുന്നതിന്റെ ഭാഗമായി പ്രമുഖ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ യൂസർനെയിം ഫീച്ചർ കേന്ദ്ര സർക്കാർ സൂക്ഷ്മമായി പരിശോധിക്കും. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പറുകൾ മറച്ചുവെച്ച് യൂസർനെയിം മാത്രം പ്രദർശിപ്പിക്കാൻ അനുവദിക്കുന്ന ഈ ഫീച്ചർ സുരക്ഷാ ഭീഷണികൾ ഉയർത്തുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. മെറ്റായുടെ (ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് സർക്കാറിന്റെ ഈ നീക്കം.
ആഗോളതലത്തിൽ മൂന്ന് ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിൽ ഒരേ പേരുകൾ വരാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി തന്നെ തങ്ങൾക്ക് താല്പര്യമുള്ള യൂസർനെയിം റിസർവ് ചെയ്യാനുള്ള അവസരം ജൂൺ 29 മുതൽ കമ്പനി ആരംഭിച്ചിരുന്നു. ക്രെഡ് (Cred) സ്ഥാപകൻ കുനാൽ ഷാ വാട്സാപ്പിന്റെ ആഗോള ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന പ്രൊഡക്റ്റ് അപ്‌ഡേറ്റാണിത് (
മൂന്ന് മുതൽ 35 ക്യാരക്ടറുകൾ വരെയുള്ള യൂസർനെയിമുകളിൽ ലാറ്റിൻ അക്ഷരങ്ങളും അക്കങ്ങളും ഫുൾസ്റ്റോപ്പും അണ്ടർസ്കോറും ഉപയോഗിക്കാം. ഫോൺ നമ്പറുകൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കി പ്രൈവസി വർദ്ധിപ്പിക്കാനാണ് ഈ ഫീച്ചറെന്ന് വാട്സാപ്പ് വ്യക്തമാക്കുമ്പോഴും ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
പുതിയ ഫീച്ചർ അനുസരിച്ച് ഒരാളുടെ കൃത്യമായ യൂസർനെയിം അറിഞ്ഞാൽ മാത്രമേ ആദ്യമായി മെസ്സേജ് അയക്കാൻ സാധിക്കൂ. ഇത് പബ്ലിക് ഡയറക്ടറിയിൽ (Public directory) ലഭ്യമാകില്ല. കൂടാതെ സുരക്ഷക്കായി ഉപയോക്താക്കൾക്ക് യൂസർനെയിം കീ (Username key) സെറ്റ് ചെയ്യാനും സാധിക്കും. ബിസിനസ്സ് സ്ഥാപനങ്ങൾക്കും ക്രിയേറ്റർമാർക്കും തങ്ങളുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഹാൻഡിലുകൾക്ക് സമാനമായ യൂസർനെയിം തിരഞ്ഞെടുക്കാൻ അവസരമുണ്ട്.ഇന്ത്യയിൽ മാത്രം 500 മില്യണിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിന്റെ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ ഉപയോക്താക്കളുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നാണ് ഐ ടി (IT) മന്ത്രാലയവും വിദഗ്ധരും പരിശോധിക്കുന്നത്.