ന്യൂഡൽഹി: ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലിൽ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എക്സസ് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളായി ടെലിഗ്രാമിലൂടെ പഠിക്കുന്നു. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയിൽ എങ്ങനെ പരിഹാരം കാണും? അടുത്ത നിരോധനം ആർക്കായിരിക്കുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
നാടകങ്ങൾക്ക് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നാടകങ്ങളെല്ലാം ഉപേക്ഷിക്കണം. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിൽ തഴച്ചു വളരുകയാണ്. അവർ യുവാക്കളുടെ കണ്ണുകളിൽ നിന്നും ദിനംപ്രതി രക്തക്കണ്ണീർ വീഴ്ത്തുന്നു. വിദ്യാർത്ഥികളുടെ ശബ്ദം നിങ്ങൾ കേൾക്കേണ്ടതുണ്ട്. അവർക്ക് അവരുടെ അവകാശം നേടിയെടുക്കാൻ അറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ രാജസ്ഥാനിലെ കോട്ടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കൺവെൻഷൻ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
കൺവെൻഷനിൽ രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, യുവാക്കളുടെ തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ചർച്ചയാകും. രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
'ഉത്തരവാദിത്തവും സത്യസന്ധതയും മോദി സർക്കാരിന്റെ ചിന്താഗതികൾക്ക് അപ്പുറത്താണ്. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും റദ്ദാക്കിയ നിയമനങ്ങളും കുതിച്ചുയരുന്ന ഫീസും സൗകര്യവത്കരണവും അഴിമതിയും ദിനപ്രതി ദശലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളാണ് തകർക്കുന്നത്. ഒന്നോർക്കുക യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക. ഇന്ത്യയിലെ യുവാക്കളോട് ഇക്കാര്യമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്,' രാഹുൽ ഗാന്ധി പറഞ്ഞു.
കോട്ടയിലെ വിദ്യാർത്ഥി കൺവെൻഷൻ ഒരു യുദ്ധകാഹളമാക്കി മാറ്റാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറെ വർഷങ്ങളിലായി ഒന്നിലധികം വിദ്യാർത്ഥികളെയാണ് കോട്ടയിലെ നീറ്റ് സെന്ററിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുപ്രീം കോടതി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി പറയാനോ പരിഹാരം കാണാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോട്ടയിൽ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.