ദുബായ്: ദുബായിലെ കാർ സൂപ്പർ സ്റ്റോറിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27) ആണ് മരിച്ചത്.

ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ​ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിൻ. എട്ട് മാസം മുമ്പാണ് അദ്ദേഹം ദുബായിൽ എത്തിയത്.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടവിവരം ലഭിച്ചയുടൻ ദുബായ് രക്ഷാസേന സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.

ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ദുബായ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു. ഇത്തരം വ്യാജപ്രചരണങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധരും നിർദേശിച്ചിട്ടുണ്ട്. ഷിജിന്റെ മരണവാർത്ത നാട്ടിലെത്തിയതോടെ പട്ടാഴിയിലും പരിസരത്തും ദുഃഖാചരണം അനുഷ്ഠിച്ചു.