തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 101 അംഗങ്ങൾ തിരുവഞ്ചൂരിന് വോട്ട് ചെയ്തു.
എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്തീന് 35 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ബി ബി ഗോപകുമാർ മൂന്ന് വോട്ട് നേടി. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോട്ടെം സ്പീക്കർ ജി സുധാകരൻ വോട്ട് ചെയ്തില്ല.
രാവിലെ ഒൻപത് മണിക്ക് തന്നെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെള്ളിയാഴ്ചയിലെ സഭാസമ്മേളന നടപടികൾ അവസാനിക്കും.
കോട്ടയം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ചുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ (77) മുൻ ഉമ്മൻ ചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 1949ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 2004ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിരുന്നു.