താമരശ്ശേരി: ചുരം എട്ടാം വളവിൽ വെച്ച് സ്കൂട്ടർ യാത്രികരെ കാറിലെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു. വയനാട്ടിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന എട്ടംഗ സംഘത്തിലെ യുവാക്കൾക്കാണ് ആക്രമണമേറ്റത്. നാലു സ്കൂട്ടറുകളിലായാണ് ഇവർ യാത്ര ചെയ്തിരുന്നത്.

ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. ഒൻപതാം വളവിൽ വെച്ച് സ്കൂട്ടർ കാറിൽ ഉരഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായത്. ചുരം ഇറങ്ങുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാലാണ് സ്കൂട്ടർ പിന്നിൽ ഉരഞ്ഞതെന്നാണ് യുവാക്കൾ പറയുന്നത്. എന്നാൽ കാറിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായിരുന്നു 

ഈ വിഷയം ഒൻപതാം വളവിൽ വെച്ച് പറഞ്ഞു തീർത്ത് പോകാൻ തുടങ്ങിയപ്പോൾ കാർ പിന്നാലെ വന്ന് എട്ടാം വളവിൽ വെച്ച് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് യുവാക്കൾ ആരോപിക്കുന്നു. 

കാറിൽ സൂക്ഷിച്ചിരുന്ന വടിവാളുമായി എത്തിയ ഒരാൾ കുന്ദമംഗലം മടവൂർ സ്വദേശിയായ യുവാവിന്റെ കഴുത്തിൽ വാൾ അമർത്തുകയും പിന്നീട് സ്കൂട്ടറിൽ ആഞ്ഞുവെട്ടുകയും ചെയ്തു. സുഹൃത്ത് മുഹമ്മദ് ആണ് ഈ സ്കൂട്ടർ ഓടിച്ചിരുന്നത്. അൻവറിനൊപ്പം ഉണ്ടായിരുന്ന സംഘത്തിലെ ആളുകൾക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

കഴുത്തിന് നിസാര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവാക്കൾ പോലീസിൽ പരാതി നൽകി. അക്രമി സഞ്ചരിച്ച KL 75 B 2526 നമ്പർ കാറിന്റെ വിവരവും പോലീസിന് കൈമാറിയിട്ടുണ്ട്.