പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആവോലിയില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഏഴ് കിലോ ആവോലി ഭക്ഷ്യസുരക്ഷാ വിഭാഗം നശിപ്പിച്ചു.

അമോണിയ ചേര്‍ത്ത മത്സ്യം വില്‍പ്പന നടത്തിയ മത്സ്യവില്‍പ്പനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജി വില്‍സണ്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ലാബില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

എഫ്.എ.എസ്.എ.ഐ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതായും പരിശോധനയില്‍ കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജി വില്‍സണ്‍ അറിയിച്ചു.