ഡൽഹി: വി.ഡി സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. അതേസമയം മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. എഐസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസിക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടക്കുകയാണ്. നേതാക്കളും എംഎൽഎമാരും കെപിസിസി ഓഫീസിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നുവെന്ന് വി.ടി ബൽറാം കുറിച്ചു.

അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു. ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർത്ഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല.

സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിൻ്റേയോ യുഡിഎഫിൻ്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശൻ്റെ ഈ വരവ്.

ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്. വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, പ്രതീക്ഷകൾ കാത്തുകൊണ്ട്, നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്. നമുക്കൊരുമിച്ച് ചുവടുവയ്ക്കാം. നമുക്കതിന് കഴിയും, കാരണം, ഇത് കേരളമാണ്. നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്.