തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാന്‍ ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായുള്ള 'ഓപ്പറേഷന്‍ തണ്ടര്‍' ലഹരിവേട്ടയുടെ വിവരങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി എം. ലിജു. സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ടയാണ് ഓപ്പറേഷന്‍ തണ്ടര്‍ വഴി എക്‌സൈസ് നടത്തിവരുന്നത്. കണക്കുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
'ഓപ്പറേഷന്‍ തണ്ടര്‍' വഴി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനവ്യാപകമായി എക്‌സൈസ് നടത്തിയ 24131 റെയ്ഡുകളില്‍ നിന്നായി മൊത്തം 20669 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1983 മയക്കുമരുന്നു കേസുകളും 3444 അബ്കാരി കേസുകളും 15242 കോട്പ കേസുകളുമുള്‍പ്പെടും. ഇതുവരെ 4616 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. 268 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികള്‍, 292 ഗ്രാം ഹെറോയിന്‍, 846 ഗ്രാം MDMA, 924 ഗ്രാം മെത്താംഫിറ്റമിന്‍, 185 ഗ്രാം ഹാഷിഷ് ഓയില്‍, 503 ലിറ്റര്‍ ചാരായം, 9135 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 756 ലിറ്റര്‍ സ്പിരിറ്റ്, 24925 ലിറ്റര്‍ വാഷ് തുടങ്ങിയവ പിടിച്ചെടുക്കുകയും കോട്പ കേസുകളില്‍ നിന്ന് 30.45 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തുകഴിഞ്ഞു.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് എക്‌സൈസ് വകുപ്പ്. ചിരിക്കുന്ന മുഖങ്ങളും തകരാത്ത സ്വപ്നങ്ങളും പ്രകാശമുള്ള നാളെകളുമാണ് നമുക്കാവശ്യം. നമുക്ക് ജീവിതത്തെ ലഹരിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.