ലഖ്നൗ: ഉത്തർപ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ മരിച്ചു. 72 പേർക്ക് പരിക്കേറ്റു. 26 ജില്ലകളിൽ രണ്ടുദിവസമായി ശക്തമായ കാറ്റും മഴയും തുടരുകയാണ്.
170 മൃഗങ്ങൾ ചത്തിട്ടുണ്ട്. 227 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മിർസാപൂർ, ഭദോഹി, ഫത്തേപൂർ, ബറേലി ജില്ലകളിലും കനത്ത നാശമുണ്ടായി. വീശിയടിച്ച കാറ്റിൽ മരങ്ങൾ കട പുഴകി വീണും കെട്ടിടങ്ങൾ തകർന്നുവീണുമാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാശനഷ്ടങ്ങൾ ഉടനടി വിലയിരുത്താനും 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം ദുരിതബാധിത കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ നടപടികൾ പ്രകാരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായം ലഭിക്കും. വിളനാശം, കന്നുകാലികളുടെ മരണം, ദുരന്തം മൂലമുണ്ടായ മറ്റ് നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. അതിനാൽ ഓരോ മൂന്ന് മണിക്കൂറിലും അപ്ഡേറ്റുകൾ സമർപ്പിക്കാൻ ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭാദോഹിയിലെ റാംപൂരിൽ, ഗംഗാ ഘട്ടിലെ പാലത്തിന് കൊടുങ്കാറ്റിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നിരവധി പേർ ഗംഗയിൽ വീണു. എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മിർസാപൂരിലെ ഗൗര പ്രമാൻപൂരിലും പാലം തകർന്നു. ഇത് 20 ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി.ഫത്തേപൂരിൽ 11 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതാപ്ഗഡിൽ മതിലും സിമന്റ് ഷെഡും തകർന്നുവീണും ഇടിമിന്നലേറ്റും നാല് പേർ മരിച്ചു. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് താഴ്ന്ന അന്തരീക്ഷത്തിൽ വീശിയ ചുഴലിക്കാറ്റ്, തെക്കൻ രാജസ്ഥാനിൽ നിന്ന് വരുന്ന കിഴക്കൻ കാറ്റ്, മധ്യ ട്രോപോസ്ഫിയറിൽ പടിഞ്ഞാറൻ കാറ്റ് എന്നിവ തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് മോശം കാലാവസ്ഥ ഉണ്ടായതെന്ന് ഐഎംഡി അറിയിച്ചു.