പാലക്കാട്: ഏറെ ചർച്ച ചെയ്യപ്പെട്ട അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് അപ്പീൽ അനുവദിച്ച്കൊണ്ട് ഹൈക്കോടതി വെറുതെ വിട്ടത്. മധുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതിന് സർക്കാർ ഭാ​ഗം അഭിഭാഷകന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. കേസിൽ ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. അതേസമയം, കേസിലെ മറ്റ് പ്രതികളുടെ അപ്പീൽ ഹരജികൾ കോടതി തള്ളി. വിധിപ്പകർപ്പ് ലഭ്യമാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന. 

2018 ഫെബ്രുവരി 22-നാണ് വിശന്നുവലഞ്ഞ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ മുക്കാലിയിൽ വെച്ച്  കൈകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചത്. മർദനത്തിന് ശേഷം പ്രതികൾ മധുവിനെ അഗളി പൊലിസിന് കൈമാറി. എന്നാൽ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മധു മരണപ്പെടുകയായിരുന്നു.

പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം സമർപ്പിച്ച അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

വിചാരണക്കോടതിയായ മണ്ണാർക്കാട് പ്രത്യേക കോടതിയുടെ വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ മധുവിന്റെ കുടുംബം, ശിക്ഷ കടുപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ മുഴുവൻ പ്രതികളോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.

ആകെ 16 പ്രതികളുണ്ടായിരുന്ന കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷയായി വിധിച്ചിരുന്നത്. വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷാ നടപടി. എന്നാൽ ഇതിൽ ഒന്നാം പ്രതിയെയാണ് ഇപ്പോൾ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്.