ന്യൂഡല്‍ഹി: കേരളം കാത്തിരിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകീട്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവുക. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് കേരളം.
കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.