തിരുവനന്തപുരം: എബോള വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. എബോള പ്രതിരോധ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കി. 

ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കും.വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടു മുതല്‍ 21 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പീരിയഡ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

അതേസമയം കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. ലോകാരോഗ്യ സംഘടന എബോള വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി പട്ടികയില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ എന്നിവ ഏര്‍പ്പെടുത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദ്രുത കര്‍മസേനയുടെ യോഗത്തിലാണ് തീരുമാനം.

കേരളത്തിലെത്തിയ ശേഷമുള്ള 21ദിവസത്തെ ഇവരുടെ ട്രാവല്‍ ഹിസ്റ്ററിയും ശേഖരിക്കും. ഇന്ത്യയില്‍ ഇതുവരെ എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.എബോള ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, യുഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യയിലെത്തിയാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എബോള ബാധിതരുമായി നേരിട്ടോ, പരോക്ഷമായോ ബന്ധമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പില്‍ വിവരമറിയിക്കണമെന്നും പി.പി.ഇ കിറ്റ് അടക്കമുള്ളവയും മറ്റ് ചികില്‍സാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

എബോള ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ പനി, ക്ഷീണം, തളര്‍ച്ച. തലവേദന, പേശിവേദന, ഛര്‍ദി, അതിസാരം, അകാരണമായ രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് മുമ്പ് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറെയോ, ഹെല്‍ത്ത് ഡെസ്‌കിനെയോ വിവരം അറിയിക്കണം.ഇന്ത്യയിലെത്തി 21 ദിവസത്തിനുള്ളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടാലും വിവരം അറിയിക്കണം.

എബോള നേരിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. നിരീക്ഷണത്തിലെ ഏകോപനം, കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍, ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിയവയില്‍ ഊന്നിയാണ് അവലോകനയോഗം ചേര്‍ന്നത്.2014ല്‍ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യം സമാനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.