ചെന്നൈ: വിജയ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകും, ഇടതുപാർട്ടികളും വി.സി.കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. 120 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടു. ശനിയാഴ്ച രാവിലെ 11ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഡി.എം.കെ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ, സി.പി.എം, വി.സി.കെ, ലീഗ് പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നാലു പാർട്ടികൾക്കും രണ്ടു വീതം എം.എൽ.എമാരുണ്ട്. നിരുപാധിക പിന്തുണയാണ് ഇടതുപാർട്ടികൾ പ്രഖ്യാപിച്ചത്. സഖ്യമല്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും നേതാക്കൾ അറിയിച്ചു.
ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, സി.വി.കെ, ലീഗ് കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ കേവല ഭൂരിപക്ഷവും കടന്ന് 120 പേരുടെ പിന്തുണയായി. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സി.പി.എം, സി.പി.ഐ ഓഫിസുകളിലെത്തി വിജയ് പിന്തുണക്കുള്ള നന്ദി അറിയിച്ചു.