ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്ത 25 ഓളം വിദേശ പൗരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ ഇവർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ചൂണ്ടു വിരലുകളിൽ മായാത്ത മഷി കണ്ടെത്തിയതിനെ തുടർന്ന് ഇമിഗ്രേഷൻ ബ്യൂറോ ഉദ്യോഗസ്ഥരും പൊലിസും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ഭൂരിഭാഗം പേരും ശ്രീലങ്കൻ പൗരന്മാരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് കടക്കാൻ ശ്രമിക്കവെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതികൾ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന രേഖകളിൽ സംശയം തോന്നിയ അധികൃതർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വിദേശ പൗരത്വം മറച്ചുവെച്ച് ഇവർ വോട്ട് ചെയ്തെന്ന വിവരം പുറത്തുവരുന്നത്.
സംഭവത്തിൽ ഇമിഗ്രേഷൻ വിഭാഗം നൽകിയ പരാതിയെത്തുടർന്ന് ഗ്രേറ്റർ ചെന്നൈ പൊലിസ് കമ്മിഷണറേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മേയ് 7 മുതൽ 14 വരെയുള്ള കാലയളവിൽ സെൻട്രൽ ക്രൈംബ്രാഞ്ചും ലോക്കൽ പൊലിസും ചേർന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടും വോട്ടർ പട്ടികയിൽ പേര് നിലനിർത്തുകയും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കുകയും ചെയ്ത വിദേശ പൗരന്മാർക്കെതിരെ ഇന്ത്യ നടപടി ശക്തമാകുന്നതിന്റെ ഭാഗമായിട്ടാണ് പ്രതികളെ പിടികൂടിയത്.
അതേസമയം ഇന്ത്യൻ വംശജരായ ഏകദേശം നൂറോളം വിദേശികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് (ECI) ആവശ്യപ്പെട്ടു. വിദേശ പൗരത്വം സ്വീകരിച്ച ശേഷവും ഇവർ ഇന്ത്യൻ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ അനധികൃതമായി കൈവശം വെച്ചതായി ഇമിഗ്രേഷൻ വിഭാഗം കണ്ടെത്തി. ഇത്തരത്തിൽ വ്യാജ വിലാസങ്ങൾ നൽകി വോട്ടവകാശം നിലനിർത്തിയ 60 പേരുടെ പേരുകൾ ഈ വർഷം മാത്രം പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഈ വ്യക്തികൾക്കെല്ലാം വിദേശ പൗരത്വമുണ്ട്. ഇന്ത്യയിൽ വോട്ടവകാശം ലഭിക്കുന്നതിനായി വ്യാജ വിലാസങ്ങളാണ് ഇവർ നൽകിയിരിക്കുന്നത്. ഇമിഗ്രേഷൻ രേഖകളുടെ പരിശോധനയിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഒരു 'വിദേശ വോട്ടർ' ആയി രജിസ്റ്റർ ചെയ്യണമെങ്കിൽ അയാൾ മറ്റൊരു രാജ്യത്തെയും പൗരത്വം സ്വീകരിക്കാത്ത ഇന്ത്യൻ പൗരനായിരിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20 എ പ്രകാരം എൻആർഐകൾക്ക് വോട്ടർ പട്ടികയിൽ ചേരാം. എന്നാൽ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ അവർ ഒറിജിനൽ ഇന്ത്യൻ പാസ്‌പോർട്ട് തന്നെ ഹാജരാക്കണം. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്ന നിമിഷം മുതൽ ആ വ്യക്തിക്ക് ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള നിയമപരമായ അവകാശം നഷ്ടമാകും.
വിദേശ പൗരത്വം നേടിയ ശേഷം ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ഇമിഗ്രേഷൻ ഡാറ്റാബേസും വോട്ടർ പട്ടികയും തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാനാണ് കമ്മീഷന്റെ നീക്കം.