കോഴിക്കോട്: നഗരത്തിലെ ഏറ്റവുംവീതിയേറിയ റോഡെന്ന് സർക്കാർ കൊട്ടിഘോഷിച്ച മലാപ്പറമ്പ്-മാനാഞ്ചിറ റോഡിലെ ഗതാഗതം പത്തുമണിക്കൂറിലേറെ കുരുക്കിൽ. ഈ റോഡ് ഗതാഗതക്കുരുക്കിലായതോടെ അനുബന്ധറോഡുകളായ മാവൂർ റോഡ്, വൈ.എം.സി.എ. ക്രോസ് റോഡ്, ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡ്, രാജേന്ദ്ര ഹോസ്പിറ്റൽ റോഡ്, നടക്കാവ്-വണ്ടിപ്പേട്ട റോഡ്, സി.എച്ച്. മേൽപ്പാലം-ബീച്ച് റോഡ്, പാളയം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയെല്ലാം കുരുക്കിലായി.
മണിക്കൂറുകൾ വാഹനങ്ങൾ നിന്നനിൽപ്പിൽത്തന്നെ കുടുങ്ങിയിട്ടും പരിഹാരംകാണാൻ ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനുസാധിച്ചില്ല. നേരത്തേ കൂടുതൽ പോലീസിനെ ഇറക്കി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ വ്യാഴാഴ്ച അതിലും കാര്യമായ നടപടിയുണ്ടായില്ല.
പ്രവൃത്തിപൂർത്തീകരണം അവസാനഘട്ടത്തിലെത്തിയ മലാപ്പറമ്പ്-മാനാഞ്ചിറ നാലുവരിപ്പാതയിൽ ഒരുഭാഗത്തെ ഗതാഗതം നിർത്തിവെച്ച് പരീക്ഷണം നടത്തിയതാണ് വ്യാഴാഴ്ച രാവിലെമുതൽ ഉച്ചവരെയുള്ള കുരുക്കിനിടയാക്കിയത്. ഈ പ്രശ്‌നത്തിന് വൈകീട്ട് മൂന്നുമണിയോടെ അയവുവന്നുതുടങ്ങുമ്പോഴാണ് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കൂറ്റൻ റാലി ഇതേ റൂട്ടിലിറങ്ങിയത്. ക്രിസ്ത്യൻ കോളേജുമുതൽ മുതലക്കുളംവരെയായിരുന്നു റാലിയെങ്കിലും ഇതുനിയന്ത്രിക്കാൻ പോലീസിനായില്ല. രണ്ടുവരിയായി പതുക്കെ നടന്നുനീങ്ങിയ മുതിർന്ന അംഗങ്ങൾക്ക് റാലി നടത്താൻ ഒരു ട്രാക്ക് മുഴുവൻ പോലീസ് അനുവദിച്ചു. നാലുവരിയിൽ പോകുമ്പോൾത്തന്നെ കുരുക്കനുഭവപ്പെടാറുള്ള ഈ റോഡിൽ രണ്ടുവരിയിലേക്ക് ഗതാഗതം ചുരുക്കേണ്ടിവന്നത് വാഹനങ്ങളെ നിശ്ചലമാക്കി. രാജധാനി എക്‌സ്പ്രസ് ഉൾപ്പെടെ പല ദീർഘദൂരതീവണ്ടികളും ലക്ഷ്യവെച്ച് നീങ്ങിയ പലരും ഈ കുരുക്കിൽപ്പെട്ടു. മൂന്നുമണിക്കൂറിലേറെ വാഹനം നീങ്ങാൻപോലും സാധിക്കാത്ത തരത്തിൽ കുരുക്ക് വൈകീട്ട് രൂക്ഷമായി. ദീർഘദൂരബസുകളും ഈ വരിയിൽപ്പെട്ടു.
വീതികൂട്ടിയപ്പോൾ മൂന്നുവരി ഉണ്ടായിരുന്ന റോഡ് രണ്ടുവരിയായ അവസ്ഥയാണ് മനോരമ ജങ്ഷൻ മുതൽ ബി.ഇ.എം. സ്‌കൂൾ വരെ. ഈ റൂട്ടിൽ നേരത്തേ മൂന്നുവരി റോഡിന്റെ വീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ റോഡ് നാലുവരിയാക്കി നടുക്ക് രണ്ടടിവീതിയിൽ മീഡിയൻ നിർമിച്ച് രണ്ടുദിശകളിലേക്കുള്ള റോഡുകളാക്കാൻ ശ്രമിക്കുമ്പോൾ നടക്കാവിൽനിന്ന് മാനാഞ്ചിറയ്ക്കുള്ള വാഹനങ്ങൾക്ക് യഥാർഥത്തിൽ രണ്ടുവരിറോഡുമാത്രമേ ഗതാഗതത്തിന് ലഭിക്കൂ. ഇതിനിടയിൽ ബസ് സ്റ്റോപ്പുകൾകൂടിയുള്ള ഇടങ്ങളിൽ ഒരു റോഡിന്റെ വീതിയേ സഞ്ചാരത്തിന് മറ്റുവാഹനങ്ങൾക്ക് ലഭിക്കൂ. മരാമത്തുവകുപ്പിന്റെ ദീർഘവീക്ഷണമില്ലായ്മ ഈ കാര്യത്തിൽ സാരമായി ഉണ്ടായതായി ട്രാഫിക് പോലീസും ബസ് ജീവനക്കാരും ആരോപിച്ചു.