കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 1320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,02,760 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,560 രൂപയായും പവൻറേറത് 84,480 രൂപയായും കുറഞ്ഞു. രാജ്യാന്തര വിപണിയിലും സ്വർണത്തിന് വിലയിടിവുണ്ടായി.

2008ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് സ്വർണത്തിനുണ്ടായത്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് പുറമേ യുഎസ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

സ്പോട്ട് ഗോൾഡ് നിരക്കിൽ ഇന്ന് 1.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ഔൺസിന് 3,956.32 ഡോളറായാണ് വിലയിടിഞ്ഞത്. ഈ മാസം മാത്രം സ്വർണത്തിന് 12.7 ശതമാനത്തിന്റെ നഷ്ടമുണ്ടായി. തുടർച്ചയായ നാലാം മാസമാണ് സ്വർണത്തിന് വിലയിടുന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 1.7 ശതമാനം നഷ്ടമാണ് ഉണ്ടായത്. ഔൺസിന്റെ വില 3,969.30 ഡോളറായാണ് വില കുറഞ്ഞത്.

ഉയർന്ന പണപ്പെരുപ്പത്തിനും പലിശനിരക്കിനുമൊപ്പം ഡോളർ ശക്തിപ്രാപിക്കുന്നതും സ്വർണത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകമാണ്. സാധാരണയായി പണപ്പെരുപ്പത്തെ സ്വർണം മറികടക്കുമെങ്കിലും ഇതിനൊപ്പം പലിശനിരക്ക് വലിയ രീതിയിൽ വർധിച്ചത് മഞ്ഞലോഹത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകമാണ്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്.