കൊയിലാണ്ടി: പൊയില്‍ക്കാവ് നാലുസെൻ്റ് കോളനിയിൽ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കുട്ടികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. കൊയിലാണ്ടി മജിസ്ട്രറ്റിൻ്റെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഇന്നലെ വൈകീട്ട് 6.30 ഓടെ കൊയിലാണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങുന്നതിനായി ക്യൂവിൽ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇന്നലെ രാവിലെയാണ് പൊയില്‍ക്കാവ് നാലുസെന്റ് കോളനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന് സമീപം പണിത താൽക്കാലിക ഷെഡിൽ സുധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹത്തിന് സമീപത്തായി ഒരു കൊടുവാളും കണ്ടെത്തിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവരുടെ വീടിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി വീടിന്റെ ഫോട്ടോ എടുക്കാൻ എത്തിയവർ സുധയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് താമസിച്ചിരുന്ന ഷെഡിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.