അബുദബി: വീണ്ടും യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
ഇതോടെ ഇറാന്‍ യുഎഇയ്ക്ക് നേരെ തൊടുത്ത ആകെ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 551-ഉം ക്രൂയിസ് മിസൈലുകളുടെ എണ്ണം 29-ഉം ആയി. ആക്രമണം ആരംഭിച്ച ശേഷം രാജ്യത്തിനു നേരെ എത്തിയ 2,263 ഡ്രോണുകളാണ് പ്രതിരോധ സേന തകര്‍ത്തത്.
ഇറാന്റെ ആക്രമണം തടയുന്നതിനിടെ തകര്‍ന്നുവീണ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ പതിച്ച് പരുക്കേറ്റവരുടെ എണ്ണം 230 ആയി. സ്വദേശി പൗരന്മാര്‍ക്ക് പുറമേ ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പീനോ, ബംഗ്ലാദേശി, ശ്രീലങ്കന്‍, അസര്‍ബൈജാനി, യെമന്‍, ഉഗാണ്ടന്‍, ബഹ്‌റൈനി, ഇറാഖി, നേപ്പാളി, ഫലസ്തീന്‍, തുര്‍ക്കിഷ്, നൈജീരിയന്‍, ഒമാനി, ജോര്‍ദാനി, ഇന്തോനേഷ്യന്‍ പൗരന്മാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
സായുധ സേനയുടെ ഭാഗമായ ഒരു മൊറോക്കന്‍ പൗരന്‍ ഉള്‍പ്പെടെ ഇറാന്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു.
യുഎഇ സായുധേ സേന അതീവ ജാഗ്രതയിലാണെന്നും ഏത് ഭീഷണികലെ നേരിടാനും സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശകത്മായി നേരിടുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഖേഷം ദ്വീപിനും ബന്ദര്‍ അബ്ബാസിനും സമീപം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും പരസ്പരം പഴിചാരുന്ന അവസരത്തിലാണ് സ്‌ഫോടനം.