തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. എ സന്തോഷ് കുമാറിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ ജാമ്യം ലഭിച്ച ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ടി. ഗീന കുമാരിയെ നീക്കിയത്. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എആർ ഷാജിക്കാണ് പകരം ചുമതല.

ഇന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസിൽ ഹാജരാകുന്നതിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഗൂഢാലോചനയും പ്രോസിക്യൂട്ടർ തലത്തിൽ ഒത്തുകളിയും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവതരമെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടർ ഗീന കുമാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.