താമരശേരി: ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന 16-കാരന്റെ ഭീഷണിയെ തുടർന്ന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആരോഗ്യപ്രവർത്തകരും മണിക്കൂറുകളോളം പരക്കം പാഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താമരശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന എട്ടാം വാർഡ് അംഗം ആസാദ് കാരാടിയെ മലഞ്ചരക്ക് വ്യാപാരിയായ മൂസ അടിയന്തരമായി വിളിച്ചുവരുത്തി. കടയുടെ മുന്നിൽ നിൽക്കുന്ന കൗമാരക്കാരൻ ഉമ്മയുടെ 12 ഉറക്കഗുളികകൾ കൂട്ടത്തോടെ കഴിച്ചെന്നും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നുമായിരുന്നു വിവരം. ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായതിന്റെ വിഷമത്തിലാണ് കുട്ടി ഇത് ചെയ്തതെന്ന് കരുതി.

വിവരമറിഞ്ഞയുടൻ വാർഡ് അംഗവും പത്രം ഏജന്റായ സാലി കാരാടിയും സ്ഥലത്തെത്തി. വിവരങ്ങൾ തിരക്കിയ ശേഷം താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി നോനി ഷൗക്കത്തിനെയും സാന്ത്വനം പ്രവർത്തകൻ സാലി ചുങ്കത്തിനെയും വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. 108 ആംബുലൻസിൽ ആസാദ് കാരാടിയും സുഹൃത്തുക്കളും കുട്ടിയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.

യാത്രാമധ്യേ സാലി കാരാടി കുട്ടിയുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. ശ്രദ്ധ പിടിച്ചുപറ്റാനായി ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിക്കുന്നത് കുട്ടിയുടെ പതിവാണെന്നും മുമ്പും ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. എങ്കിലും കൗമാരക്കാരന്റെ ജീവൻ അപകടത്തിലാകരുതെന്ന് കരുതി ഒപ്പമുണ്ടായിരുന്നവർ യാത്ര തുടർന്നു.

മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ച് അടിയന്തര പരിശോധനകൾ നടത്തി. വിശദമായ പരിശോധനകൾക്കൊടുവിൽ കുട്ടി ഗുളികകളൊന്നും കഴിച്ചിട്ടില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്ന് വാർഡ് അംഗം ആസാദ് കാരാടി അറിയിച്ചു.