കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ യൂത്ത് ലീഗ്പ്രവർത്തകൻ പി.കെ കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പി.കെ കാസിം വിവാദ കാഫിർ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് മനസിലായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പി.കെ കാസിമിൻ്റെ ഫോൺ പരിശോധനാ ഫലവും എസ്ഐടി വടകര മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
വടകരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിമായും കെ.കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം. പി.കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം.
സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി. എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്ന് കാണിച്ച് പി.കെ കാസിം പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.
പൊലീസ് അന്വേഷണം ഡിവൈഎഫ്ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണനിലാണ് അവസാനമെത്തിയത്. ഇതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു. തുടർന്നും കാസിം നിയമപോരാട്ടം നടത്തിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കേസിൽ കാസിം നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിരുന്നു.
അതേസമയം കേസിൽ അറസ്റ്റിലായ ഡിവൈഎഫ്.ഐ നേതാവ് ജിതിൻ ഭാസ്കരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധിപറയും. നേരത്തെ എസ്.ഐ.ടി ചോദ്യം ചെയ്ത് വിട്ടയച്ച ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണൻ ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.