മലപ്പുറം: ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് അസുഖം ബാധിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്.

ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. 17, 21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്‍റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു.

കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പില്‍ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വാര്‍ഡ് മെംബര്‍മാരായ കെ.ടി. കുഞ്ഞാലസന്‍, കെ. അബ്ദുറഹ്‌മാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതുല്‍ ദേവ്, വാളക്കുട സബ് സെന്ററിലെ ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.