കോഴിക്കോട് വടകര എംഡിഎംഎ കേസിൽ മൂന്ന് അധ്യാപികമാർ പിടിയിലായെങ്കിലും വിദ്യാർഥികൾ ഇവരുടെ വലയിൽ വീണിട്ടില്ല എന്ന് പ്രാഥമിക നിഗമനം. അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് എത്തിയിട്ടുള്ളതെന്നും കണ്ടെത്തൽ. ഇടപാടിന് പിന്നിലുള്ള വൻ ശൃംഖലയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ജൂൺ 28ന് ഒരു ഓട്ടോറിക്ഷ തൊഴിലാളിയെ ലഹരി ഇടപാട് കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കുള്ള ആദ്യത്തെ തുമ്പ് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു നാല് പ്രതികളിലേക്കും പൊലീസ് എത്തിച്ചേർന്നത്. ഇതിൽ മൂന്നുപേർ അധ്യാപികമാരാണ്. ഇവരുടെ വരുമാനസ്രോതസ്സുകൾ പൊലീസ് പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ ഓൺലൈനായി ഇടപാട് നടത്തിയതായി കണ്ടെത്തുകയായിരുന്നു.

പ്രതികളിലൊരാളായ കാവ്യ ദുബായിലേക്ക് യാത്ര നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ശീതൾ വഴിയാണ് കീർത്തന ലഹരി മാഫിയ സംഘത്തിന്റെ കണ്ണിയാകുന്നത് എന്നാണ് നിഗമനം. ഡെലിവറി ഏജന്റ് ആഒരു പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആറു മാസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിൽ ഇത്രമാത്രം പണം വന്നതെങ്ങനെ എന്ന അന്വേഷണത്തിന് ഒടുവിലാണ് അധ്യാപകർ വലയിലാകുന്നത്.

അതേസമയം കൂടുതൽ പ്രതികൾ ഇവരുടെ കണ്ണീയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ് പൊലീസ് ഇനി അന്വേഷിക്കുകയെന്ന് കണ്ണൂർ റേഞ്ച് ഡിഐജി ആർ കാർത്തിക് പറഞ്ഞു. അതോടൊപ്പം ഇവർക്ക് ലഭിച്ച തുക ആർക്കാണ് കൈമാറിയത് എന്നുള്ള കാര്യവും അന്വേഷണസംഘം പരിശോധിക്കും. നാർക്കോട്ടിക് ബിസിനസിലൂടെ സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടുകിട്ടാനുള്ള നടപടിയെടുക്കുമെന്നും ഡിഐജി പറഞ്ഞു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണോ എന്നുള്ള കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.