ബാഗ്ദാദ്: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്. ഇറാഖിൽ ഇറാൻ അനുകൂല മിലീഷ്യകൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിരൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ ദിവസം ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കാണാതായ യുഎസ് സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മേഖലയിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ആകെ എണ്ണം മൂന്നായി ഉയർന്നു. സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കയിൽ രാഷ്ട്രീയ പോരും കടുക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് സൈനികരുടെ ജീവഹാനിക്ക് കാരണമായതെന്ന് ആരോപിച്ച് ഡെമോക്രാറ്റുകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
സൈനികർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന ദർഖോവിൻ ആണവനിലയത്തിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇതിനുപുറമെ തെക്കൻ ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലും യുഎസ് ആക്രമണം തുടരുകയാണ്.
അതേസമയം, തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചു വീഴ്ത്തിയതായി ഇറാൻ സൈനിക നേതൃത്വം അവകാശപ്പെട്ടു. തങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും കൂടുതൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സംഘർഷത്തിന്റെ പ്രതിധ്വനികൾ വ്യാപിക്കുകയാണ്. കുവൈത്തിലെ സുപ്രധാന വൈദ്യുത-ജല വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ ശക്തമായി അപലപിച്ചു. ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജിസിസി രാജ്യങ്ങൾ വ്യക്തമാക്കി.