പുതുപ്പാടി: പശുക്കിടാങ്ങളെ കടിച്ചുകൊന്ന പുലി പ്രദേശത്ത് കറങ്ങി നടക്കുന്നതിന്റെ ഭീതിയിൽക്കഴിയുന്ന പുതുപ്പാടി കണ്ണപ്പൻകുണ്ട് വാർഡിലെ മൈലള്ളാംപാറയിൽ താമസിക്കുന്ന മലയോര നിവാസികൾക്ക് വിനയായി കാട്ടാനശല്യവും. കൂട്ടമായെത്തിയ കാട്ടാനക്കൂട്ടം പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കൃഷിനാശം വരുത്തിയത്. മൈലള്ളാംപാറയിലെ ടി.സി. മാത്യുവിന്റെ വീട്ടുപറമ്പിൽ സജ്ജമാക്കിയ കൂട്ടിൽ പുലി കുടുങ്ങുമെന്ന് കരുതി പ്രദേശവാസികൾ കാത്തിരുന്ന വ്യാഴാഴ്ച രാത്രിയിലും കാട്ടാനകൾ വരാൽമൂല ഉൾപ്പെടെയുള്ള പ്രദേശത്തെ ജനവാസമേഖലകളിലേക്കെത്തിയിരുന്നു. പടക്കംപൊട്ടിച്ചാണ് നാട്ടുകാർ അവയെ തുരത്തിയത്. രണ്ടു ദിവസം മുൻപ്‌ കണ്ണപ്പൻകുണ്ട് വാർഡിലെ മൈലള്ളാംപാറ വടക്കേതലയ്ക്കൽ നബീസയുടെ വീട്ടുപറമ്പിലെ തെങ്ങ് കുത്തിനശിപ്പിച്ച കാട്ടാനകൾ, പുളിക്കപ്പറമ്പിൽ അലിയാറുടെ കൃഷിയിടത്തിലെ നിരവധി വാഴകളും തെങ്ങും നശിപ്പിച്ചു. തൊട്ടടുത്ത പാലക്കൽ ഫാത്തിമയുടെ പറമ്പിലെ നിരവധി വാഴകളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ച് കടന്നുപോയത്