തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്‍റെ ഒരു ഭാഗം തകർന്നു വീണു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം തകർന്ന് വീണത്. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്നു വീണത്.
എന്നാൽ, ഈ കെട്ടിടം ക്ലാസ് മുറിയുടെ ഭാഗമല്ലെന്നും മറിച്ച് ഇത് എസ്.എഫ്.കെയുടെ ഓഫീസായിട്ടാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഏകദേശം 25 ഓളം പേർ ഓഫീസിൽ ഉണ്ടായിരുന്നു. ഇവർ അഞ്ചു മണിയോടെ പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കെട്ടിടത്തിന്‍റെ ഫിറ്റ്നെസ് കൊടുക്കുന്ന സമയത്ത് അശ്രദ്ധ ഉണ്ടായതായി മന്ത്രി വ്യക്തമാക്കി. കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. മേൽക്കൂര ഹെറിറ്റേജ് ബിൽഡിങ്ങായതിനാൽ റിനൊവേറ്റ് ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും, ഡി.ഡിയോട് വിശദീകണം തേടിയതായും മന്ത്രി പറഞ്ഞു.