ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ വീണ് മലയാളി യുവാവ് മരിച്ചു. ജർമൻ ഭാഷ പഠിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ജോസ്‌വിൻ മാത്യു (23) ആണ് പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചത്.

ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിന്റെ മകനാണ് ജോസ്‌വിൻ. വെള്ളിയാഴ്ച അവധി ദിനമായതിനെ തുടർന്ന് പുറത്തു നടക്കാൻ ഇറങ്ങിയതായിരുന്നു ജോസ്‌വിൻ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം രണ്ട് മാസം മുൻപാണ് ജോസ്‌വിൻ ജർമനിയിലേക്ക് പോകാനുള്ള ഭാഷാ പഠനത്തിനായി ചങ്ങനാശ്ശേരിയിൽ എത്തിയത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം.

ജർമനിയിൽ നഴ്സായി ജോലി ചെയ്യുക എന്നതായിരുന്നു യുവാവിന്റെ സ്വപ്നം.സംഭവം അറിഞ്ഞയുടൻ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ക്ഷേത്രക്കുളത്തിന് ചുറ്റും കമ്പി വേലി ഉണ്ടായിരുന്നെങ്കിലും അത് തകർന്ന നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. രാത്രികാലങ്ങളിൽ വെളിച്ചക്കുറവും അപകടസാധ്യത കൂട്ടുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ജോസ്‌വിന്റെ പെട്ടെന്നുള്ള വിയോഗം ആലക്കോട് നെല്ലിക്കുന്ന് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരിലാണ്. ജർമനിയിൽ ജോലി സ്വപ്നം കണ്ട് ഭാഷ പഠിക്കാനെത്തിയ യുവാവിന്റെ മരണം വലിയ നഷ്ടമാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.