മുംബൈ: മലയാളി യുവാവിനെ ആയുധധാരികളായ ഒൻപതംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. താനെ ശാസ്ത്രിനഗറിന് സമീപമുള്ള ശിവജിനഗറിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി വേണുഗോപാലൻ നായരുടെയും രേണുകയുടെയും മകൻ വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ ഒൻപതംഗസംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പിന്നിൽനിന്നും വെട്ടിവീഴ്ത്തിയശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്.
പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. താനെ വർത്തക്നഗറിൽ താമസിക്കുന്ന വിഷ്ണു നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്. താനെയിൽ മിനറൽ വാട്ടർ ബിസിനസ് നടത്തുന്ന വിഷ്ണു ശനിയാഴ്ച രാത്രി സുഹൃത്തുക്കളിൽ ഒരാളുടെ പ്രേമബന്ധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിച്ചതായും തുടർന്ന് തർക്കം പരിഹരിക്കാൻ വർത്തക് നഗർ പോലീസ് സ്റ്റേഷനിൽ പോയതായും പറയപ്പെടുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് പ്രശ്നം പറഞ്ഞുതീർത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
അവിവാഹിതനാണ് വിഷ്ണു നായർ. ഏക സഹോദരി വീണ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.