തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാനച്ഛനായ അഷ്‌കര്‍ (31) കുറ്റം സമ്മതിച്ചു. പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചത്. കുഞ്ഞ് ഭാവിയില്‍ ബാധ്യതയാകുമെന്ന ചിന്തയും കരച്ചിലും പ്രകോപനത്തിന് കാരണമായെന്നും ഇതേത്തുടര്‍ന്ന് പലതവണ മര്‍ദിച്ചെന്നും പ്രതി മൊഴി നല്‍കി.

പനവൂര്‍ കരിക്കുഴി നെല്ലിക്കുന്ന് സ്വദേശിയായ അഖില (21)യുടെയും ഇവരുടെ ആദ്യഭര്‍ത്താവ് പരേതനായ അഖിലിന്റെയും മകന്‍ അര്‍ഷിത് ആണ് വെള്ളിയാഴ്ച എസ്.എ.ടി. ആശുപത്രിയില്‍വെച്ച് മരിച്ചത്. 

തൊണ്ടയില്‍ ചോറ് കുടുങ്ങിയെന്ന് പറഞ്ഞാണ് അഖിലയുടെ രണ്ടാം ഭര്‍ത്താവായ അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ക്രൂരമായ പീഡനവും മര്‍ദനവുമാണ് മരണകാരണമെന്ന് കണ്ടെത്തി.

കുഞ്ഞിന്റെ ശരീരമാകെ പൊള്ളലേറ്റ പാടുകളും മുറിവുകളും നെഞ്ചില്‍ ഗുരുതര ക്ഷതവും കണ്ടെത്തിയിരുന്നു. കൂടാതെ രണ്ട് കൈകളിലും പ്ലാസ്റ്ററിട്ട നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍, ക്രൂരമായ പീഡനത്തിനൊടുവിലാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അമ്മ അഖിലയെയും രണ്ടാനച്ഛന്‍ അഷ്‌കറിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ആദ്യഭര്‍ത്താവ് അഖില്‍ മരിച്ചതിന് ശേഷം അഖില അഷ്‌കറിനൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. ആറുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെ അഖിലയുടെ അമ്മ റീനയെ ഏല്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും കേസുകളും ഉണ്ടായിരുന്നതായും പൊലിസ് വ്യക്തമാക്കി.

വെള്ളിയാഴ്ച പരിസരവാസികള്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രണ്ട് കൈകളിലും പ്ലാസ്റ്റര്‍ ഇട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഷ്‌കര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അഷ്‌കര്‍  കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ഷിതിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.