വടകര : തോരാമഴയിൽ വടകരയിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ ഉൾപ്പെടെ വെള്ളംകയറി. അക്ലോത്ത്നട, അറക്കിലാട് വയലിൽപീടിക, പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം, ചോറോട് അമൃതാനന്ദമയീ മഠം റോഡ്, മുടപ്പിലാവിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളംകയറിയത്. പലയിടങ്ങളിലും റോഡ് വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു.
അറക്കിലാട് വയലിൽപീടിക ഭാഗത്ത് വീട്ടുകളിൽ വെള്ളംകയറി. ഇവർ ബന്ധുവീടുകളിലേക്ക് മാറി. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും തടസ്സപ്പെട്ടു.
പുത്തൂർ ട്രെയിനിങ് സ്കൂളിനുസമീപം വീടുകളിൽ വെള്ളംകയറി. ഈ പ്രദേശത്തുമുഴുവൻ വലിയരീതിയിൽ വെള്ളക്കെട്ടുണ്ടായി. നഗരസഭ 12, 13 വാർഡുകളിലാണ് വീടുകളിൽ ഉൾപ്പെടെ വെള്ളംകയറിയത്.
കുനിയിൽ ആസ്യ, ബിജു, ബാബു, ഷൈനി എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്. എൻ.എം. യു.പി. സ്കൂൾ മുതൽ കുറുമ്പയിൽ മെയിൻ റോഡുവരെ വെള്ളത്തിനടിയിലായി. അക്ളോത്ത് നടയിൽ മുരളീധരൻ, മനോജ്, ഗംഗാധരൻ തുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളംകയറി.
ചോറോട് അമൃതാനന്ദമയീ റോഡിൽ വെള്ളംകയറി. ഇരുപത്തി ഒന്നാം വാർഡിലെ നാലുവീടുകളിൽ വെള്ളംകയറി. വീട്ടുകാർ വീടിന്റെ ഒന്നാംനിലയിലേക്ക് കയറിനിൽക്കുകയാണ് ചെയ്തത്. ഈഭാഗത്തും വാഹനഗതാഗതവും തടസ്സപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജു പ്രമോദ്, വാർഡ് മെമ്പർമാരായ കെ.ജി. രാഗേഷ്, ചന്ദ്രൻ, സദാശിവൻ, രേഷ്മ പായോളത്തിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. എം.എസ്.യു.പി. സ്കൂൾ പരിസരത്തും വെള്ളം കയറി.മണിയൂർ കിഴക്കൻ മുടപ്പിലാവിലെ തൂണൂറത്താഴ തോട് കരകവിഞ്ഞൊഴുകി ഇരുകരകളിലുമുളള വീടുകളിൽ വെള്ളംകയറി.