തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്.
കോട്ടയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി ഒരു വീട് ഒലിച്ചുപോയി,കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. ഭാര്യയ്ക്ക് പരുക്ക്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടൽ. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിൽ.
വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചള്ളാവയൽ പ്രദേശത്ത് ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിരവധി ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുകയാണ്. പ്രദേശത്തെ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതവും തടസ്സപ്പെട്ടു.
അടൂർ മലയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പ്രദേശവാസിയായ ഒരു സ്ത്രീയെ കാണാതായി. ഇവരുടെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം.
കാണാതായ സ്ത്രീക്കായി നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളം മറിഞ്ഞത് ശക്തമായ കാറ്റ് പ്രദേശത്തു അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു
അഞ്ചുതെങ്ങ് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്. ശക്തമായ കടലാക്രമണവും വെളിച്ചം കുറവായതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്
അതേസമയം, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാത്രിയോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴവരെ ലഭിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
മലയോര മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.