തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാവിജയശതമാനത്തിലും ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വര്‍ഷം കുറവ്. ഇത്തവണ 99.07 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞതവണ ഇത് 99.5 ശതമാനമായിരുന്നു. വിജയശതമാനത്തില്‍ 0.43 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ പകുതിയോളം കുറവാണ് ഇത്തവണയുണ്ടായത്. 2025ല്‍ 61449 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിയ സ്ഥാനത്ത് ഇത്തവണ 30514 ആയി ചുരുങ്ങി. 4,14,531 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,10456 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 

വിജയശതമാനം കൂടിയ ജില്ല പത്തനംതിട്ട (99.72%)യാണ്. വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട് (100%). പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ ശതമാന അടിസ്ഥാനത്തില്‍ കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ള ജില്ല കൊല്ലം (11.6%) ആണ്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 2030 വിദ്യാര്‍ഥികളില്‍ 2026 പേര്‍ (99.08%) ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 152 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.

എസ്.സി വിഭാഗത്തില്‍ 39,391 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 38,535 പേര്‍ (97.82%) ഉപരിപഠനത്തിന് യോഗ്യത നേടി. 871 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 

എസ്.ടി വിഭാഗത്തില്‍ 7,172 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 7,022 പേര്‍ (97.91%) ഉപരിപഠനത്തിന് അര്‍ഹത നേടി. 56 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കേള്‍വി പരിമിതരുടെ വിഭാഗത്തില്‍ 29 കേന്ദ്രങ്ങളിലായി 233 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 232 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 14 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 

100% വിജയം നേടിയ സ്‌കൂളുകള്‍

സര്‍ക്കാര്‍ സ്‌കൂളുകള്‍ - 767 

എയ്ഡഡ് -930

അണ്‍ എയ്ഡഡ് - 408

ആകെ - 2105

ഈ വര്‍ഷത്തെ പരീക്ഷകള്‍ 05/03/2026 മുതല്‍ 30/03/2026 വരെയാണ് നടന്നത്. 1,48,589 വിദ്യാര്‍ത്ഥികള്‍ മലയാളം മീഡിയത്തിലും 2,62,947 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 1,874 വിദ്യാര്‍ത്ഥികള്‍ കന്നട മീഡിയത്തിലും 1,087 വിദ്യാര്‍ത്ഥികള്‍ തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.  വിഭാഗത്തില്‍ 251 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.  പ്രൈവറ്റ് സവിശേഷ ശ്രദ്ധ ആവശ്യമായ 5 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഒന്നാം ഭാഷ, രണ്ടാം ഭാഷ, മൂന്നാംഭാഷ, കണക്ക് എന്നിവയ്ക്ക് പകരമായി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, വോക്കല്‍ മ്യൂസിക്, ഡ്രോയിങ്ങ് എന്നീ വിഷയങ്ങളില്‍ 20.04.2026  മുതല്‍ 22.04.2026 വരെയുള്ള തീയതികളില്‍ പ്രത്യേക പരീക്ഷ നടത്തിയിരുന്നു.