കൊയിലാണ്ടി: മാഹിയിൽ നിന്നു നികുതി വെട്ടിച്ച് കടത്തിയ ഡീസലുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. സിനിമാ സ്‌റ്റൈലിൽ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ ലോറി പിടികൂടിയത്. ഇന്നു പുലർച്ചെ നാലിനാണ് സംഭവം.
ദേശീയ പാതയിൽ നന്തിക്കടുത്ത് വാഹന പരിശോധനക്കിടെ കെഎൽ 18 എബി 1317 നമ്പർ ലോറിക്ക് ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ ലോറി ഡ്രൈവർ ഈ വാഹനം ഇടിച്ചിടാൻ ശ്രമം നടത്തുകയും അമിത വേഗതയിൽ അവിടെ നിന്നും ലോറിയുമായി കടന്നു കളയുകയും ചെയ്തു. തുടർന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ പിൻതുടർന്ന് ലോറിക്ക് കുറുകെ വാഹനമിട്ട് തടഞ്ഞു. വീണ്ടും ഉദ്യോഗസ്ഥരെ വെട്ടിച്ച് ലോറി അമിത വേഗതയിൽ കുതിച്ചു പായുന്നതിനിടെയാണ് കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്കിൽ വച്ച് വീട്ടു മതിലിൽ ഇടിച്ച് തകർത്ത് ലോറി നിന്നു. ഇതോടെ ഡ്രൈവറും കൂട്ടാളിയും ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആറായിരം ലിറ്റർ ഡീസൽ ലോറിയിൽ നിന്നു കണ്ടെത്തി. ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർമാരായ ടി.പി.ലിതീഷ്, പി.കെ.ഷിജിൽ കുമാർ, ഡ്രൈവർ രാഗേഷ് തുടങ്ങിയവരാണ് ജിഎസ്ടി സംഘത്തിലുണ്ടായിരുന്നത്.
കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ലോറി ഡ്രൈവർക്ക് പരിക്കുണ്ടെന്നാണ് വിവരം. വലിയ വയലിൽ പ്രീതാ സൗധത്തിൽ പി.കെ ശിവന്റെ വീട്ടു മതിലാണ് ഇടിച്ചു തകർത്തത്.