ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണെന്നും അതിന്റെ ആഘാതം സമ്പന്നരെയല്ല മറിച്ച് സാധാരണക്കാരെയാണ് ബാധിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ ക്ലാസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദശയാത്രയ്ക്ക് പോയിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കവേയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം അഴിച്ചുവിട്ടത്. 'പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് പറഞ്ഞത്, അതേസമയം, അദ്ദേഹം ലോകം ചുറ്റുകയാണ്.' മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
വരാനിരിക്കുന്ന സാമ്പത്തിക ആഘാതം സാധാരണക്കാരെയായിരിക്കും ഏറ്റവും കഠിനമായി ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഉത്തർപ്രദേശിലെ യുവാക്കളും ജനങ്ങളും വലിയൊരു ആഘാതം നേരിടും. വരാനിരിക്കുന്ന സാമ്പത്തിക ആഘാതം അദാനിയെയോ അംബാനിയെയോ ബാധിക്കില്ല, അത് മോദിയെയും ബാധിക്കില്ല. എന്നാൽ, സാധാരണക്കാരെ അത് ബാധിക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് അദ്ദേഹം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ധനവില വർധന ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്ന് സർക്കാർ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഖിലേഷ് യാദവുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ധനവില വലിയൊരു ആശങ്കയായി തുടരുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പര്യടനത്തിലാണ്. ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹം ഇറ്റലി സന്ദർശിക്കും. അദ്ദേഹത്തിന്റെ യാത്ര ഇതിനകം യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയും ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രിയുടെ യാത്ര എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ഇന്ത്യ നേരിടുന്ന വിതരണ ശൃംഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ദീർഘകാല ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, ഹരിത ഊർജ്ജത്തിലേക്ക് മാറുക, കരുത്തുറ്റ വിതരണ ശൃംഖലകൾ നിർമ്മിക്കുക, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.