പയ്യോളി: അയനിക്കാട് മാപ്പിള എല്‍പി സ്‌കൂളിന് സമീപം അടച്ചിട്ട വീടുകളില്‍ മോഷണം. അയനിക്കാട് ചെറിയാടത്ത് 'ഇന്ദീവര'ത്തില്‍ ആശ, 'അനുഗ്രഹ'യില്‍ പ്രകാശന്‍ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കളെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് മോഷണവിവരം അറിയുന്നത്. മുന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ച മോഷ്ടാവ് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് അലമാരയിലും മറ്റുമുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും വലിച്ചുവാരി താഴെയിട്ടിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ കവര്‍ന്നു. മറ്റ് വില പിടിപ്പുള്ളതൊന്നും വീട്ടില്‍ സൂക്ഷിച്ചി ട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.

ആശ മകളുടെ യൊപ്പം തിരുവനന്തപുരത്ത് താമസമായതിനാല്‍ അയനിക്കാടുള്ള വീട് അടച്ചിട്ടതായിരുന്നു. രണ്ടു ദിവസങ്ങളായി സിസിടിവി പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന്, ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ടെക്‌നീ ഷ്യന്മാരെവിളിച്ച് ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്ത വീട്ടിലെ മോഷണ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തങ്ങളുടെ വീട്ടിലും മോഷണം നടന്നതായി പ്രകാശന്റെ ഭാര്യ അറിയുന്നത്.

മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് വാതില്‍ചാരിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറികളിലെ അലമാരകളിലും മറ്റും സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ച് അലങ്കോലമാക്കിയ നിലയില്‍ കണ്ടത്.

ഇരുവീടുകളില്‍നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. മാഷണംനടന്നഇരുവീടുകളിലും പയ്യോളി പൊലീസെത്തി പരിശോധന നടത്തി.