ന്യൂഡൽഹി: രാജ്യത്തെ വിമാന ഇന്ധനവിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ. എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിൽ ലിറ്ററിന് അഞ്ച് രൂപയുടെ കുറവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിവ് ഉണ്ടായിരിക്കുന്നത്.
ആഭ്യന്തര വിമാനകമ്പനികളുടെ എണ്ണവിലയിലാണ് കേന്ദ്രം കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ എവിയേഷൻ ഫ്യൂവലിന്റെ വില ലിറ്ററിന് 110 രൂപയായി കുറഞ്ഞു. അതേസമയം, രാജ്യാന്തര വിപണിയിൽ വിലയിടിയുമ്പോഴും പെട്രോൾ-ഡീസൽ വില കുറക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.
പക്ഷേ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചിട്ടുണ്ട്. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും. ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാർഹിക ഉപഭോക്താക്കൾക്ക് എണ്ണകമ്പനികൾ ഒരു ആനുകൂല്യവും നൽകിയിട്ടില്ല. ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരും. പാചകവാതക വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും കേന്ദ്രം എടുത്തുകളഞ്ഞിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ എണ്ണയുടെ വ്യാപാരം നേരിയ നേട്ടത്തിലാണ് പുരോഗമിക്കുന്നത്. 0.11 ശതമാനം നേട്ടമാണ് വിപണിയിൽ എണ്ണക്കുണ്ടായത്. ബ്രെന്റ് ക്രൂഡോയിലിൻ്റെ വിലയിൽ 0.11 ശതമാനത്തിന്റെ മാത്രം നേട്ടമാണ് ഉണ്ടാവുന്നത്. 73.06 ഡോളറായി വിലയിടിഞ്ഞു. യുഎസ് ഉപയോഗിക്കുന്ന വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയിൽ 0.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 69.59 ഡോളറായാണ് വിലയിടിഞ്ഞത്.