തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തിയ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ താൽക്കാലിക എംപാനൽ ഡ്രൈവർ ടോമിക്കെതിരെയാണ് കെഎസ്ആർടിസി അധികൃതർ വകുപ്പുതല നടപടി സ്വീകരിച്ചത്.കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി പദ്ധതി' നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് ടോമി ഓഡിയോ സന്ദേശം പുറത്തുവിട്ടത്.
വാട്സ്ആപ്പിൽ പ്രചരിച്ച ഈ ഓഡിയോയിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയതായി ആരോപണമുണ്ട്. സന്ദേശം വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്.സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ ടോമിക്കെതിരെ കേസെടുത്തിരുന്നു.
ക്രിമിനൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി അധികൃതർ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചത്. പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു സർക്കാർ ജീവനക്കാരിൽ നിന്ന് ഉണ്ടാകുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.