ബൈറൂത്: ഇറാന്റേയും യു.എസിന്റെയും മുന്നറിയിപ്പുകള്‍ തള്ളി ഇസാരാഈല്‍. തെക്കന്‍ ലബനാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. തന്ത്രപ്രധാന നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ജനവാസ മേഖലകളും ഹിസ്ബുല്ല കേന്ദ്രങ്ങളും ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നബാത്തിയ നഗരത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. കഫര്‍സിര്‍ ടൗണിലും സൈന്യം റെയ്ഡ് നടത്തി. സൂറിലെ അല്‍-അബ്ബാസിയ, അല്‍-റമാദിയ എന്നീ പ്രദേശങ്ങളും ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു.
അതേസമയം, തെക്കന്‍ അതിര്‍ത്തിയിലൂടെ കരമാര്‍ഗ്ഗം മുന്നേറാനുള്ള ഇസ്‌റാഈലിന്റെ ശ്രമം ഹിസ്ബുള്ള തകര്‍ത്തു. യേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ല ശക്തമായി തിരിച്ചടിച്ചു. ഇസ്‌റാഈലിന്റെ സൈനിക താവളങ്ങള്‍ക്കും ടാങ്കറുകള്‍ക്കും നേരെ ഹിസ്ബുള്ള വന്‍തോതില്‍ റോക്കറ്റാക്രമണവും നടത്തി. ലബനാന്‍ മണ്ണിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഇസ്‌റാഈല്‍ സൈനികരെ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള വക്താക്കള്‍പ്രതികരിച്ചു.
നേരത്തെ ലബനാന് നേരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. വന്‍തോതില്‍ മിസൈലുകള്‍ വര്‍ഷിച്ചു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാന ഏറ്റുമുട്ടലിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തങ്ങള്‍ താല്‍ക്കാലികമായി ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. അതേസമം, ലബനാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇറാന്റെ ഈ മുന്നറിയിപ്പ് തള്ളിയാണ് ഇസ്‌റാഈല്‍ ലബനാനെ അക്രമിച്ചിരിക്കുന്നത്. താല്‍കാകലിക സമാധാനമെന്ന് ആശ്വസിച്ച ലോകരാജ്യങ്ങളില്‍ ഈ നീക്കം വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.