കണ്ണൂർ: കണ്ണൂരിൽ വിവാഹ ദിനത്തിൽ നവവരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജീവനൊടുക്കിയത്.

മെയ് 18 തിങ്കളാഴ്ചയാണ് ഷബിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിരാവിലെ ക്ഷേത്രത്തിൽ ഫോട്ടോ ഷൂട്ട് നടത്തുന്നതിനായി വിളിക്കാൻ കിടപ്പു മുറിയിൽ എത്തിയപ്പോഴാണ് ശുചിമുറിയിൽ ഷിബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ് ഷിബിൻ .

മേയ് 17ന് അർധരാത്രി വരെ വിവാഹാഘോഷങ്ങളിൽ സന്തോഷിച്ചിരുന്ന ഷിബിൻ പ്രതിശ്രുത വധുവിന്‍റെ ഫോൺകോൾ എത്തിയതിനു പിന്നാലെയാണ് കിടപ്പു മുറിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.

കല്യാണത്തിന്റെ തലേദിവസം പ്രതിശ്രുത വധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഷിബിനും കുടുംബവും പങ്കെടുക്കാത്തതിൽ യുവതിക്ക് ദേഷ്യം വന്നതായും കല്യാണ മണ്ഡപത്തിൽ താൻ വരില്ല എന്ന രീതിയിലുള്ള മനോവിഷമം ഉണ്ടാക്കുന്ന വാക്കുകൾ പറഞ്ഞതായും ഷിബിന്റെ സുഹൃത്തുക്കൾ പറഞ്ഞു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഷിബിന്റെ വിവാഹം.