കുവൈത്ത് സിറ്റി: കുവൈത്തിലും ജോർദാനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ പ്രത്യാക്രമണം. ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീമാണ് സൈനിക പ്രസ്താവന ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്തിലെ ക്യാമ്പ് ഉദൈരിയിലെ ആയുധശേഖരവും അലി അൽ സാലിം എയർബേസിലെ ആസ്ഥാന കെട്ടിടങ്ങൾ, ആയുധശേഖരങ്ങൾ, സമീപത്തെ ബന്ധിപ്പിക്കുന്ന പാലങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടത്. ജോർദാനിലെ അൽ-അസ്റാഖ് എയർബേസിലുള്ള സൈനിക ഇന്ധന ടാങ്കുകളും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെന്നും ഇറാൻ അവകാശപ്പെട്ടു.
ഇറാനിയൻ ജനതയുടെ മനഃശക്തിയെ പരീക്ഷിക്കാൻ ശ്രമിക്കുന്ന ഏത് ശക്തിക്കും സായുധ സേനയുടെ ഉരുക്കു ദൃഢനിശ്ചയവും പൂർണ സജ്ജതയും നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ സൈന്യം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്നലെ വൈദ്യുതി-ജല ശുദ്ധീകരണ (ഡിസ്റ്റിലേഷൻ) പ്ലാന്റിന് ഇറാൻ നടത്തിയ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ പ്ലാന്റിൽ തീപിടിത്തമുണ്ടായതായും ഇതോടെ നിരവധി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും വൈദ്യുതി, ജല മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ അസാധാരണ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം മിതപ്പെടുത്തണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
ആക്രമണത്തെ തുടർന്ന് നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും വൈദ്യുതി, ജലവിതരണം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.