ന്യൂഡൽഹി: വിമാനയാത്ര ടിക്കറ്റ് നിരക്കിൽ ഏകീകരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി. ഒരേ റൂട്ടിൽ തന്നെ വ്യത്യസ്ത വിമാനകമ്പനികൾ വ്യത്യസ്‌തനിരക്ക് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി രംഗത്തെത്തി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിരുൾപ്പെട്ട രണ്ടംഗ ബെഞ്ചിൻറതാണ് നിരീക്ഷണം.
വിമാനടിക്കറ്റ് നിരക്കിൽ ജനങ്ങൾക്ക് എന്തെങ്കിലും ആശ്വാസം നൽകണം ശ്രമിക്കണം. ഒരേ ദിവസം ഒരേ സെക്ടറിൽ വിവിധ വിമാന കമ്പനികൾ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു വിമാനകമ്പനി 8,000 രൂപ വാങ്ങുമ്പോൾ മറ്റൊരു കമ്പനി 18,000 രൂപയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടലുണ്ടാവണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി നിർദേശിച്ചു.
വിമാനടിക്കറ്റ് നിരക്ക് ഏകീകരിക്കാനുള്ള നടപടിയുണ്ടാകണമെന്ന കോടതി നിർദേശത്തോട് സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. സാമൂഹികപ്രവർത്തക എസ് ലക്ഷ്മിനാരയണൻ സമർപ്പിച്ച ഹരജിയിലാണ് കോടതി പരാമർശം.
വിമാനടിക്കറ്റുകൾ ഏകീകരിക്കാനുള്ള ചട്ടങ്ങൾ 1937ലെ എയർക്രാഫ്റ്റ് ആക്ടിലുണ്ട്. എന്നാൽ, പ്രശ്നമെന്താണെന്നുവെച്ചാൽ ഈ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണെന്ന് ലക്ഷ്മിനാരായണന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം, ഇക്കാര്യത്തിൽ പുതിയ നിയമങ്ങളുണ്ടാക്കണമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചു. അതുവരെ പഴയ നിയമങ്ങൾ തുടരണമെന്നും കോടതി വ്യക്തമാക്കി.