മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും നേർക്കുനേർ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദൻ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിനോദനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.