ന്യൂഡല്‍ഹി: ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട് ചരിത്രപരമായ സുപ്രധാന വിധിയുമായി സുപ്രിം കോടതി. വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് പൂര്‍ണ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ഒരു സ്ത്രീക്ക് ആശ്രിത നിയമനത്തിനുള്ള യോഗ്യത നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കുടുംബം എന്നതിന്റെ നിര്‍വചനത്തില്‍ നിന്ന് വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ ഹൈക്കോടതികളുടെ മുന്‍ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ പുതിയ വിധി.
അമ്മയുടെ മരണശേഷം ന്യായവില ഷോപ്പിന്റെ ഡീലര്‍ ലൈസന്‍സിനായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതാണ് കേസിന് ആസ്പദമായത്. വിവാഹിതയാണെങ്കിലും സ്വന്തം വീട്ടില്‍ താമസിച്ച് അമ്മയെയും ഭിന്നശേഷിക്കാരിയായ സഹോദരിയെയും പരിചരിച്ചിരുന്നത് ഈ യുവതിയായിരുന്നു.
ഈ കേസില്‍ മുന്‍പ് അലഹാബാദ് ഹൈക്കോടതി യുവതിക്ക് അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ ഇത്തരം വിഷയങ്ങളില്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റെ പരിധിയില്‍ വരില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.